
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദവിരുദ്ധ നടപടിയുടെ ഭാഗമായി പ്രദേശത്തെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് ഭീകരവാദികള്‍ വനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
പരിക്കേറ്റ ജവാനെ എയര്‍ലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ഭീകരവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെയാണ് തിരച്ചില്‍ നടപടി ഏറ്റുമുട്ടലായി മാറിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
‘‘ഗുഡാർ വനമേഖലയിൽ ഭീകര സാന്നിധ്യം ഉണ്ടെന്ന ജമ്മു കശ്മീർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫ് സംഘവും വനമേഖലയിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സംഘത്തിനു നേരെ വെടിയുത്തിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിക്കുകയും സൈന്യത്തിലെ ജൂണിയർ കമ്മിഷണഡ് ഓഫിസർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓപ്പറേഷൻ തുടരുകയാണ്’’– സേന അറിയിച്ചു.