
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ കൊല്ലത്തെ 106 റണ്‍സിന് പുറത്താക്കിയാണ് കിരീടം സ്വന്തമാക്കിയത്.
സെമി ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനം കാഴ്ച്ചവച്ച കൊല്ലം സെയ്ലേഴ്സിന് കലാശപ്പോരാട്ടത്തില്‍ നിരാശയായിരുന്നു ഫലം. കൊച്ചിയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. സെമിയിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കൊല്ലത്തിന് 86 റണ്‍സില്‍ എത്തുമ്പോഴേക്കും സുപ്രധാനമായ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. കൊല്ലത്തിന്റെ മുന്‍നിര താരങ്ങളായ സച്ചിന്‍ ബേബി (17), വിഷ്ണു വിനോദ് (10), അഭിഷേക് നായര്‍ (13), എന്നിവര്‍ക്കാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല.
കൊച്ചി ഓപ്പണര്‍ വിനൂപ് മനോഹരന്‍ 30 പന്തില്‍ നിന്നും നാല് സിക്‌സറുകളും, ഒന്‍പത് ബൗണ്ടറികളും ഉള്‍പ്പെടെ അടിച്ച് കൂട്ടിയത് 70 റണ്‍സായിരുന്നു. അല്‍ഫി ഫ്രാന്‍സിസ് ജോണ്‍ പുറത്താകാതെ കൊച്ചിക്കായി 47 റണ്‍സുണ്‍ നേടി. അതേസമയം, നീലപ്പടയുടെ ജെറിന്‍ പി. എസ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 21 റണ്‍സ് വഴങ്ങികൊണ്ട് 3 വിക്കറ്റുകള്‍ വീഴ്ത്തി. കൊച്ചിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയ വിനൂപ് മനോഹരന്‍ കളിയിലെ താരവുമായി.