
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടി. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകൾ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദൾ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അതിനിടെ സി പി രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രംഗത്തെത്തി. മഹനീയ പദവിയിലേക്കുള്ള നിങ്ങളുടെ ഉയര്‍ച്ച നമ്മുടെ പ്രതിനിധികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ധന്‍കര്‍ പ്രതികരിച്ചു. പദവിയൊഴിഞ്ഞ ശേഷം ധന്‍കര്‍ നടത്തുന്ന ആദ്യ പ്രതികരണം ആണിത്. താങ്കളുടെ ആഴത്തിലുള്ള അനുഭവസമ്പത്ത് പൊതുപ്രവര്‍ത്തനത്തിനായി നല്‍കൂവെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതിന് പിന്നാലെയാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.