
കാഠ്മണ്ഡു: നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും. ജെന്‍ സീ പ്രക്ഷോഭകരാണ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തത്. ബുധനാഴ്ച അവര്‍ ജെന്‍ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകര്‍ കുറച്ചുകാലമായി നേപ്പാളില്‍ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ രാജി, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
ഈ ആഴ്ച പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്, ഒലിയും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ നേപ്പാള്‍ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു. പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിതരാകുന്നതുവരെ, നേപ്പാളിലെ ഇടക്കാല സര്‍ക്കാരിനെ കര്‍ക്കി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.