
ജറുസലം: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം 209 കെട്ടിടങ്ങൾ തകർന്നതായി അധികൃതർ വ്യക്തമാക്കി. 30 ബഹുനില കെട്ടിടങ്ങൾ തകർത്തെന്നാണു ഇസ്രയേൽ അറിയിച്ചത്. ഈ കെട്ടിടങ്ങൾ ഹമാസ് താവളങ്ങളാണെന്നാരോപിച്ചാണു നടപടി.
ഗാസ സിറ്റിയിൽനിന്നു പൂർണമായി ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പു നോട്ടിസുകൾ സേനാവിമാനങ്ങൾ വിതറി. യുദ്ധത്തിനുമുൻപു ഗാസയിൽ ഏറ്റവുമധികം ആളുകൾ താമസിച്ചിരുന്ന മേഖലയാണു ഗാസ സിറ്റി.
നിലവിൽ ലക്ഷക്കണക്കിന് അഭയാർഥികളെക്കൊണ്ടു നിറഞ്ഞ തെക്കൻ ഗാസയിലെ അൽ മവാസി മേഖലയിൽ കൂടുതൽപേരെ ഉൾക്കൊള്ളാനാവില്ലെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. അഭയാർഥികൾക്കായുള്ള യുഎന്നിന്റെ 86,000 താൽക്കാലിക കൂടാരങ്ങൾ ഇസ്രയേൽ അനുമതി നൽകാത്തതുമൂലം ഗാസയിലെത്തിക്കാനുമായിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 64,605 പലസ്തീൻകാർ കൊല്ലപ്പെട്ടു.