
കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
അതേസമയം മുന്‍പ് ഗവണ്‍മെന്റ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനെടുത്ത തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രതിഷേധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മന്ത്രിസഭ ഒരു അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. 250 പേർക്ക് പരുക്കേറ്റു. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു. സർക്കാരിനുള്ള പിന്തുണ നേപ്പാളി കോൺഗ്രസ് പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് നേപ്പാളി കോൺഗ്രസ് മന്ത്രിമാർ വാക്കൗട്ട് നടത്തിയിരുന്നു. സമൂഹമാധ്യമ ആപ്പുകൾ നിരോധിച്ച നേപ്പാൾ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി കെ പി ശർമ ഓലിയുടെ വസതിക്കു മുന്നിലായിരുന്നു ജെൻ സി വിഭാഗത്തിലുള്ള യുവാക്കൾ സമരം നടത്തിയത്.