
കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ചിത്രം സെലെൻസ്കി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റഷ്യ നടത്തുന്ന ക്രൂരതയെപ്പറ്റി ലോകം നിശബ്ദത പാലിക്കരുതെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. യുഎസും യൂറോപ്പും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.