
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 13 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 20 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്. അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും.
അതേസമയം വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ടായിരിക്കില്ല. നവംബർ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിൻറെയും വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്ന് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.