
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതേസമയം നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കും. തെക്കൻ അറബി കടലിന്റെ മധ്യഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കില്ല. നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.