
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലായിരുന്നു മത്സരം.
കേരളത്തിനായി നസീബ് റഹ്മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി. ഷിജിൻ(40) എന്നിവർ ഗോൾ നേടി. പതിവുപോലെ 5-4-1 ശൈലിയിൽ തന്നെയാണ് കോച്ച് ബിബി തോമസ് കേരളത്തെ ഇറക്കിയത്. എന്നാൽ, സ്ട്രൈക്കർ മുഹമ്മദ് അജ്സലിനു പകരം ടി. ഷിജിനും മുഹമ്മദ് റോഷലിനു പകരം നിജോ ഗിൽബർട്ടും ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് ഞായറാഴ്ച സമ്മർദമില്ലാത്ത പോരാട്ടമായിരുന്നു. ലക്ഷ്യം ഗ്രൂപ്പ് ജേതാക്കളായുള്ള ക്വാർട്ടർ പ്രവേശനം മാത്രം. 24-ന് തമിഴ്നാടിനെതിരെയാണ് ഗ്രൂപ്പിൽ കേരളത്തിന്റെ അവസാന മത്സരം. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.