
തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിലെത്തി. ഇന്ന് രാവിലെ 10.30-ന് രാജ്ഭവനിലാണ് ഗവർണറുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എഎൻ ഷംസീറും ചേർന്ന് സ്വീകരിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ആന്റണി രാജു എം.എൽ.എ, ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കി ബിഹാർ ഗവർണറായി മാറിപോയ സാഹചര്യത്തിലാണ് വിശ്വനാഥ് അർലേക്കർ കേരള ഗവർണർ സ്ഥാനത്തേക്ക് വരുന്നത്.