
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടരുന്ന ബോബി ചെമ്മണ്ണൂർ ഇന്ന് ജയിൽ മോചിതനാകാൻ സാധ്യത. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരാൻ തീരുമാനിച്ചത്. ഈ തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ഉപാധികളോടെയാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വ്യക്തമാക്കി. ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. ബോബി ചെമ്മണ്ണൂർ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.