
കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അൻപതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരൻറെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.