സ്വീഡനിലെ ക്യാമ്പസിൽ വെടിവെയ്പ്പ്; മരണസംഖ്യ 11 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പിൽ മരണം 11 ആയി ഉയർന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിർന്നവരാണെന്നാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് വെടിയേറ്റ മുറിവാണെന്നും ഒരാൾക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒറെബ്രോയിലെ റിസ്‌ബെർഗ്‌സിലെ ക്യാമ്പസിലുണ്ടായ വെടിവെപ്പ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണെന്ന് സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റെർസ്സൺ പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സാധാരണ സ്‌കൂൾ ദിനം ഭയപ്പാടിന്റെ ദിനങ്ങളായി മാറിയവരെ കുറിച്ചാണ് എന്റെ ചിന്ത. ജീവിതത്തെക്കുറിച്ച് ഭയന്ന് ക്ലാസ്മുറിയിൽ അടച്ചിരിക്കുന്നത് ആരും അനുഭവിക്കാത്ത പേടിസ്വപ്‌നമാണ്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഇത്രയും ഭീകരമായ ആക്രമണമുണ്ടായതെന്നും അന്വേഷിക്കാൻ പൊലീസിന് സാവകാശം നൽകണം’, പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദ ആക്രമണമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ അപകടം സംഭവിച്ചവരെ തിരിച്ചറിയാനുള്ള പ്രക്രിയയിലാണെന്നും മരിച്ചവരിൽ മുഖ്യ പ്രതിയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പ്രാദേശിക പൊലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഒരാൾ ഒറ്റയ്ക്ക് നടത്തിയ ആക്രമണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ആക്രമണമുണ്ടാകില്ലെന്ന് പറഞ്ഞ പൊലീസ് മേധാവി ക്യാമ്പസിലുണ്ടായ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. 20 വയസിനുള്ളിൽ വരുന്ന വിദ്യാർത്ഥികളാണ് ക്യാമ്പസിലുണ്ടായത്. സ്‌കൂൾ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് പ്രൈമറി, അപ്പർ സെക്കൻഡറി കോഴ്‌സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കുടിയേറ്റക്കാർക്കുള്ള സ്വീഡിഷ് ക്ലാസുകൾ, തൊഴിൽ പരിശീലനം, ബുദ്ധിപരമായ വൈകല്യങ്ങളുള്ളവർക്കുള്ള കോഴ്‌സുകൾ എന്നിവയും കാമ്പസിൽ പഠിപ്പിക്കുന്നുണ്ട്.

ഏകദേശം പത്ത് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി അധ്യാപികയായ ലെന വാറെൻമാർകും പ്രതികരിച്ചു. പരീക്ഷയായതിനാൽ ഉച്ചയ്ക്ക് ശേഷം വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമേ ആക്രമണ സമയത്ത് ക്യാമ്പസിലുണ്ടായിരുന്നുള്ളുവെന്നും ടീച്ചർ പറഞ്ഞു. വെടിവെപ്പിന് ശേഷം വിദ്യാർത്ഥികളെ സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ആളിപ്പടര്‍ന്ന യുവജനപ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടിയും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം…

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

Leave a Reply

Your email address will not be published. Required fields are marked *