എല്ലാ ബന്ദികളെയും ഉടൻ കൈമാറണം; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ: ​ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ ഹമാസ് കൈമാറണം, ഇല്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ഹമാസുമായി യു.എസ് നേരിട്ട് ചർച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന. തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഗാസ പൂർണമായും കയ്യൊഴിയാൻ നിങ്ങൾക്ക് ഇതാണ് നല്ല സമയം, രക്ഷപ്പെടാനാവുമെങ്കിൽ മാത്രം. ഗാസയിലെ ജനങ്ങളെ മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ ബന്ദികളെ പിടിച്ചുവെച്ചാൽ അത് യാഥാർഥ്യമാകില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിച്ചു എന്ന് കരുതിയാൽ മതി.’- ട്രംപ് ഭീഷണിപ്പെടുത്തി.

1997-ന് ശേഷം ഇതാദ്യമായാണ് ഹമാസുമായി യു.എസ്. നേരിട്ട് ചർച്ച നടത്തുന്നത്. ഹമാസിന്റെ പിടിയിലുള്ള യു.എസ്. ബന്ദി ഇദാൻ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ടവരുടെ നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായിരുന്നു ചർച്ച.

നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും അന്ത്യശാസനം നൽകിയത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിച്ചെടുത്ത ബന്ദികളിൽ അവശേഷിക്കുന്നവരെ കൈമാറിയില്ലെങ്കിൽ സങ്കൽപിക്കാൻ പോലുമാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ആറാഴ്ച്ച നീണ്ടുനിന്ന വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ കഴിഞ്ഞിരുന്നു. തുടർന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ രണ്ടാംഘട്ട വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു. ഇതിൽ തീരുമാനങ്ങളൊന്നുമുണ്ടായില്ല.

യുദ്ധാനന്തര ഗാസയുടെ പുനർനിർമാണത്തിനായി അറബ് രാജ്യങ്ങൾ അംഗീകരിച്ച പദ്ധതിയെ യു.എസും ഇസ്രയേലും തള്ളുകയും ചെയ്തു. പദ്ധതി ഗാസയിലെ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നില്ലെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും വൈറ്റ് ഹൗസും പ്രതികരിച്ചത്. ഈജിപ്ത് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞദിവസം ഉച്ചകോടിക്കിടെയാണ് അറബ് രാജ്യങ്ങൾ അംഗീകരിച്ചത്. അഞ്ച് വർഷംകൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.

യുദ്ധാനന്തരം ഗാസയെ ഇസ്രയേൽ തങ്ങൾക്ക് നൽകുമെന്നും ഗാസയെ ഏറ്റെടുത്ത് പുനർനിർമിക്കുമെന്നും ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനർനിർമാണമെന്ന ട്രംപിന്റെ പ്രസ്താവനയിൽ അറബ് രാജ്യങ്ങൾ എതിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ബദൽ പദ്ധതിയുമായി അറബ് രാജ്യങ്ങൾ മുന്നോട്ടുവന്നത്.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *