
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. പരിപാടി കഴിഞ്ഞ് ജയശങ്കർ കാറിൽ കയറാൻ ശ്രമിക്കവെ പ്രതിഷേധക്കാരിലൊരാൾ ഇന്ത്യയുടെ ദേശീയപതാക കീറുകയും തുടർന്ന് ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുക്കുകയുമായിരുന്നു. എന്നാൽ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് തടയുകയും പിന്നാലെ മന്ത്രി യാത്ര തുടരുകയും ചെയ്തു.
കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണത്തിൽ അടക്കം ഇരുരാജ്യങ്ങളും ചർച്ച നടത്തും.