
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ്. എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്.
ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.