
തിരുവനന്തപുരം: കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം പാളയം എൽഎംഎസ് ചർച്ചിന് സമീപത്തുള്ള സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടന്നത്.
കോളേജ് അടച്ചിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നൽ പരിശോധന ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് ഇന്ന് പാളയം മെൻസ് ഹോസ്റ്റലിലും പരിശോധന നടത്തിയത്.
ഹോസ്റ്റവിൽ നിന്നും 20 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലാണിത്.