
ചെന്നൈ: പുതുച്ചേരിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന, കാജൽ അഗർവാൾ എന്നിവർക്കു നോട്ടിസ് അയയ്ക്കാൻ സൈബർ ക്രൈം പൊലീസ്. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തിൽ അഷ്പെ എന്ന വെബ്സൈറ്റ് നിർമിച്ചയാൾ അടക്കം 5 പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് 2 കാറുകൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, പണം എന്നിവയും പിടിച്ചെടുത്തു.
തമന്ന, കാജൽ അഗർവാൾ എന്നിവർ കമ്പനിയുടെ ഉദ്ഘാടനത്തിനും പ്രചാരണത്തിനും പണം കൈപ്പറ്റിയതായി പൊലീസ് പറയുന്നു. തമന്നയ്ക്ക് 34 ലക്ഷം രൂപയും കാജൽ അഗർവാളിന് 28 ലക്ഷം രൂപയും നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ പൊലീസ് തീരുമാനിച്ചത്. കേസിലെ പ്രധാന പ്രതിയായ ദുബായ് സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സൈബർ ക്രൈം പൊലീസ് അറിയിച്ചു.