
വാഷിംങ്ടൺ; ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇറാനുമായി ചർച്ചയ്ക്കൊരുങ്ങി അമേരിക്ക. അടുത്തയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെയാണ് അറിയിച്ചത്.
അതേസമയം, ചർച്ചയെ കുറിച്ച് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നേരിട്ടും അല്ലാതെയും ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടന്നിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. ഇറാനും യുഎസും തമ്മിൽ ആറാംഘട്ട ചർച്ച ഈ മാസം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പിന്മാറുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യത. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനുളള 2015ലെ കരാറില്‍ നിന്ന് ട്രംപ് ആദ്യം പ്രസിഡന്‍റായ കാലത്ത് അമേരിക്ക പിന്മാറിയിരുന്നു. അതേസമയം, യുഎസ് ആക്രമണത്തില്‍ ഫോര്‍ദോ അടക്കമുളള ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവ് ഇസ്മായില്‍ ബാഗെയി രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, നാശനഷ്ടത്തിന്‍റെ തോത് വെളിപ്പെടുത്താന്‍ ഇസ്മായിൽ ബാഗെയി തയ്യാറായില്ല. അതിനിടെ വ്യാപാര ഭീഷണി മുഴക്കിയത് കൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായതെന്ന് ട്രംപ് ആവര്‍ത്തിച്ചു. പ്രതിരോധ ചെലവ് കുത്തനെ ഉയര്‍ത്താന്‍ 32 പാശ്ച്യാത്ത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ തീരുമാനിച്ചു. ട്രംപിന്‍റെ നിര്‍ദേശ പ്രകാരം ഓരോ നാറ്റോ സഖ്യ രാജ്യങ്ങളും ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധ ചെലവിനായി മാറ്റിവെയ്ക്കും. നേരത്തേ ഇത് രണ്ടു ശതമാനമായിരുന്നു. വിയോജിച്ച സ്പെയ്നു മേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിലെ ആണവ നിലയങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി ഇന്നലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് താരതമ്യം ചെയ്തിരുന്നു. അമേരിക്കയുടെ ഇത്തരമൊരു ആക്രമണമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്നും നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.
അമേരിക്കൻ ആക്രമണം ഇറാന്‍റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.”ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയെയോ നാഗസാക്കിയെയോ അതിന് ഉദാഹരണമായി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചത്. ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ അവര്‍ ഇപ്പോഴും പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു”, ട്രംപ് പറഞ്ഞു.