
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കലാണ് മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം തൃശൂരിൽ വച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെയാണ് ഒരു ഇടവേളക്കുശേഷം സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്.
പുതിയ സംസ്ഥാന അധ്യക്ഷനെ പി കെ കൃഷ്ണദാസ് വിഭാഗം ഹൈജാക്ക് ചെയ്തു എന്നാണ് വി മുരളീധരൻ പക്ഷത്തിന്റെ ആരോപണം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് – എം ടി രമേശ് പക്ഷത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നും പരാതിയുണ്ട്. രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വി മുരളീധരൻ പക്ഷം.
യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കാനിടയുണ്ട്. നിലമ്പൂരിൽ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയിൽ അമർഷമുണ്ട്.