
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലുമാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശത്തെ സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആയി. മദ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് ചാർ ധാം തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്. തീർത്ഥാടകർ ശ്രീനഗർ, രുദ്രപ്രയാഗ്, വികാസ്നഗർ, ബാർകോട്ട് തുടങ്ങിയ സ്ഥലങ്ങളിലാണുള്ളത്. യമുനോത്രി, ഗംഗോത്രി ഹൈവേകൾ മണ്ണിടിച്ചിലിൽ തടസപ്പെട്ടു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉദം സിംഗ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.