
ചെന്നൈ: മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയില്ല. വ്യാഴാഴ്ച ജാമ്യാപേക്ഷകൾ പരിഗണനയ്ക്കെടുത്തപ്പോൾ ഇരുവർക്കും ജാമ്യമനുവദിക്കരുതെന്ന് പോലീസ് കർശനമായി വാദിച്ചു. ഇതേത്തുടർന്ന് ഇക്കാര്യം പരിഗണിക്കുന്നത് കോടതി മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.
കൃഷ്ണ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പോലീസ് അന്വേഷണവുമായി ശ്രീകാന്ത് പൂർണമായും സഹകരിച്ചതായും മയക്കുമരുന്ന് കൈവശംവെച്ചതായി കണ്ടെത്തിയില്ലെന്നും ശ്രീകാന്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിനിടെ, കൃഷ്ണയ്ക്ക് മയക്കുമരുന്ന് നൽകിയിരുന്നയാളുടെ കൂട്ടാളികളായ ആന്റണി റൂബെൻ (29), ദീപക്‌രാജ് (25) എന്നിവരെ വ്യാഴാഴ്ച ചെന്നൈയിൽ അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 15 ഗ്രാം മെത്താഫെറ്റാമിനും രണ്ട് മൊബൈൽഫോണും പിടിച്ചെടുത്തു. മറ്റൊരുപ്രതി ഇമ്മാനുവൽ റോഹനെ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്ന് മെത്താഫെറ്റാമിൻ കണ്ടെടുത്തു. കൃഷ്ണയ്ക്ക് മയക്കുമരുന്ന് കൈമാറിയ കെവിന്റെ കൂട്ടാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഏതാനുംദിവസം മുൻപ് കൊക്കെയ്ൻ ഉപയോഗിച്ചതിന് ശ്രീകാന്തിനെ അറസ്റ്റുചെയ്തിന് പിന്നാലെയാണ് കൃഷ്ണയും പിടിയിലായത്. കൊക്കെയ്ൻ കൈവശംവെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർ പിടിയിലായതിനുപിന്നാലെയാണ് അന്വേഷണം സിനിമാനടന്മാരിലേക്കെത്തിയത്. അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദിന് മയക്കുമരുന്നുകേസിൽ പങ്കുള്ളതിനാൽ രാഷ്ട്രീയബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.