
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് മസ്തിഷ്ക മരണം സംഭവിച്ച പെൺകുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.
രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28-ന് ആണ് ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ടെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതിനാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുകയാണ്.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38-കാരിക്കും നിപ സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പനിയും ശ്വാസതടസ്സവുമായി ഈ മാസം ഒന്നിനാണ് ഇവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. മണ്ണാർക്കാടുള്ള രണ്ട് ആശുപത്രികളിൽ ആദ്യം ചികിത്സ തേടിയിരുന്നതായാണ് വിവരം. രോഗിയുടെ സ്രവം പുണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഫലം ലഭ്യമായേക്കും. യുവതിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നതു വ്യക്തമായിട്ടില്ല. സമ്പർക്കപ്പട്ടികയിൽ വന്നവരെക്കൂടി ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. 10ദിവസം മുൻപ് ഇവർ തച്ചനാട്ടുകര, കരിങ്കല്ലത്താണി ഭാഗങ്ങളിലെ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്.
വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് മേയ് എട്ടിന് നിപ സ്ഥിരീകരിച്ചിരുന്നു. നിപ നെഗറ്റീവായ ഈ രോഗി അബോധാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.